Pages

പെട്ടിയില്‍ ഉറങ്ങാത്ത പാട്ടുകള്‍....


മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ചത് 'തിരനോട്ടം' എന്ന സിനിമയിലായിരുന്നു. 1978ല്‍ ചിത്രീകരിച്ച ആ സിനിമയ്ക്ക് വെളിച്ചം കാണാനുള്ള ഭാഗ്യമുണ്ടായില്ല. പക്ഷേ, 1980ല്‍ 'മഞ്ഞില്‍വിരിഞ്ഞ പൂവ്' എന്ന സിനിമയിലൂടെ മോഹന്‍ലാല്‍ എന്ന നടന്‍ മലയാള സിനിമയില്‍ കാലുറപ്പിക്കുകതന്നെ ചെയ്തു.
ഏതാണ്ട് സമാനമായ അനുഭവത്തിലൂടെ കടന്നുവന്ന നടനാണ് മമ്മൂട്ടിയും. 1979ല്‍ എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത 'ദേവലോകം' എന്ന സിനിമയില്‍ നായകനാകേണ്ടിയിരുന്നയാളാണ് മമ്മൂട്ടി. എന്നാല്‍, ആ ചിത്രവും പൂര്‍ത്തിയായില്ല. പക്ഷേ, അതുകൊണ്ടൊന്നും മമ്മൂട്ടി താരമാകാതിരുന്നില്ല. ആദ്യകാല ചിത്രങ്ങള്‍ പെട്ടിയില്‍ ഉറങ്ങിപ്പോയെങ്കിലും പ്രതിഭകളെ ആര്‍ക്കും തടയാനാവില്ല എന്ന ആപ്തവാക്യം ശരിവെച്ചുകൊണ്ട് അവര്‍ മലയാള സിനിമയിലെ അതികായന്മാരായി വളര്‍ന്നു.


സിനിമകള്‍ പെട്ടിയിലുറങ്ങിപ്പോകുന്നത് സിനിമയില്‍, പ്രത്യേകിച്ച് മലയാള സിനിമയില്‍ പുതിയ കാര്യമല്ല. അനൌണ്‍സ് ചെയ്തശേഷം ഉപേക്ഷിക്കപ്പെട്ടവയോ പാതിവഴിയില്‍ നിലച്ചുപോയവയോ ഷൂട്ടിംഗ് കഴിഞ്ഞ് പെട്ടിയില്‍ കിടന്ന് ശ്വാസംമുട്ടി അവസാനിക്കുകയോ ചെയ്ത എത്രയെത്ര സിനിമകള്‍....
പക്ഷേ, പാട്ടുകള്‍ അങ്ങനെയല്ല. പടം പെട്ടിയില്‍ ഉറങ്ങിയാലും പാട്ടുകള്‍ പെട്ടിപൊളിച്ച് പുറത്തുവരാറുണ്ട്. അവയില്‍ പലതും ഹിറ്റുകളാവുകയും വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കുകയും ചെയ്യും.


അങ്ങനെ പെട്ടിയില്‍ ഉറങ്ങിപ്പോകുമായിരുന്ന ഒരു പാട്ട് ഇപ്പോള്‍ പെട്ടിതുറന്ന് പുറത്തുവന്ന് മലയാളികളുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്നു.


''പാതിമായും ചന്ദ്രലേഖേ
രാവുറങ്ങാന്‍ വൈകിയോ
നോവലിഞ്ഞും മെയ് മെലിഞ്ഞും
പ്രാവുപോല്‍ നീ തേങ്ങിയോ.....''


താഴ്ന്ന സ്ഥായിയില്‍ യേശുദാസ് പാടുന്നു.....
ഹൃദയത്തിലെവിടെയോ ഉടക്കി വലിക്കുന്ന വിങ്ങലുകള്‍ ആ പാട്ടിന്റെ അലകള്‍ തീര്‍ക്കുന്നു....
ഒരു നേര്‍ത്ത തേങ്ങലായി കടന്നുവരുന്നു.


ആ പാട്ടില്‍ പലയിടങ്ങളിലും ഗൃഹാതുരത്വം മണക്കുന്നു. വയലിനും ഫ്ലൂട്ടും തബലയുമൊക്കെ സുന്ദരമായി ഇഴചേര്‍ത്തു നിര്‍ത്തിയ ആ പാട്ടില്‍ അഞ്ച് വര്‍ഷം മുമ്പ് നമ്മെ വിട്ടുപിരിഞ്ഞ രവീന്ദ്രന്‍ മാഷിന്റെയും ഒന്നര വര്‍ഷം മുമ്പ് മണ്‍മറഞ്ഞ ഗിരീഷ് പുത്തഞ്ചേരിയുടെയും കൈയൊപ്പുകള്‍ പതിഞ്ഞുകിടക്കുന്നു. 'മുല്ലശേãരി മാധവന്‍കുട്ടി നേമം പി.ഒ' എന്ന ചിത്രത്തില്‍ ഒരിക്കല്‍കൂടി ആ രവീന്ദ്രന്‍ ^ ഗിരീഷ് കൂട്ടുകെട്ടിന്റെ സുന്ദരഗാനം കേള്‍ക്കുമ്പോള്‍ വിസ്മയമാണ് ഉണ്ടാകുന്നത്. അങ്കിള്‍ബണ്ണും, മഴയെത്തും മുമ്പേയും, അരയന്നങ്ങളുടെ വീടുമൊക്കെ അവിടവിടെയായി ഓര്‍മിപ്പിക്കുന്നെങ്കിലും ലഹളകളായി മാറിയ മലയാള സംഗീതത്തില്‍ ഈ ഛായകള്‍ ആശ്വാസമായാണ് അനുഭവപ്പെടുന്നത്.


പത്ത് വര്‍ഷം മുമ്പ്, ലോഹിതദാസിന്റെ തിരക്കഥയില്‍ മോഹന്‍ലാലും ദിലീപും മുഖ്യവേഷങ്ങളില്‍ അഭിനയിച്ച് കമല്‍ സംവിധാനം ചെയ്യാനിരുന്ന 'ചക്രം' എന്ന സിനിമയ്ക്ക്വേണ്ടി രവീന്ദ്രന്‍ മാഷും ഗിരീഷ് പുത്തഞ്ചേരിയും തയാറാക്കിയതായിരുന്നു ഈ ഗാനം. ജോണി സാഗരികയായിരുന്നു ഈ ചിത്രത്തിന്റെ നിര്‍മാണം. ഷൂട്ടിംഗ് തുടങ്ങി കുറേകഴിഞ്ഞ് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു ഈ ചിത്രം. അതോടെ അതിനുവേണ്ടി തയാറാക്കിയ ആ മനോഹരഗാനവും പുറംലോകമറിയാതെ പോയി.


2003ല്‍ ലോഹിതദാസ് തന്നെ സംവിധാനം ചെയ്ത് പൃഥ്വിരാജും മീരാജാസ്മിനും പ്രഥാന കഥാപാത്രങ്ങളായി 'ചക്രം' പുറത്തുവന്നെങ്കിലും ബോക്സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു ഫലം. ആ ചിത്രത്തിന്റെ ഗാനമൊരുക്കിയതും രവീന്ദ്രന്‍ ^ ഗിരീഷ് ടീമായിരുന്നെങ്കിലും പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടില്ല.


അനൂപ്മേനോനെ നായകനാക്കി കുമാര്‍ നന്ദ സംവിധാനം ചെയ്യുന്ന 'മുല്ലശേãരി മാധവന്‍കുട്ടി നേമം പി.ഒ' എന്ന ചിത്രത്തില്‍ ''പാതിമായും ചന്ദ്രലേഖേ...'' എന്ന ആ പഴയ പാട്ട് ചേര്‍ത്തിട്ടുണ്ട്. അനൂപ്മേനോന് ഈ പാട്ടിനോടുള്ള ഇഷ്ടംകൊണ്ട് അദ്ദേഹംതന്നെ മുന്‍കൈ എടുത്ത് ജോണി സാഗരികയില്‍നിന്ന് പാട്ടിന്റെ കോപ്പി റൈറ്റ് വാങ്ങുകയായിരുന്നു. അത്രമേല്‍ തന്നെയീ പാട്ട് വശീകരിച്ചുവെന്ന് അനൂപ് മേനോന്‍ ' പറഞ്ഞു.


ഇതേപോലെ സമീപകാലത്തുണ്ടായ മറ്റൊരു പരീക്ഷണം രഞ്ജിത്തിന്റെ 'ഇന്‍ഡ്യന്‍ റുപ്പി'യിലാണ്. വേണുഗോപാലും ആശാമേനോനും പാടിയ ''പോകയായി വിരുന്നുകാരീ....'' എന്ന പാട്ട് ഇപ്പോള്‍ ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ചിരിക്കുന്നു. ഏതാനും വര്‍ഷംമുമ്പ് പ്രിയനന്ദന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന 'അത് മന്ദാരപ്പൂവല്ല...' എന്ന സിനിമയ്ക്കായി ഷഹബാസ് അമനും വി.ആര്‍. സന്തോഷും ചേര്‍ന്നൊരുക്കിയ ഈ പാട്ട് 'ഇന്‍ഡ്യന്‍ റുപ്പി'യ്ക്ക് വേണ്ടി ചേര്‍ക്കുകയായിരുന്നു. ഒരു നല്ല പാട്ടിനായി വേഴാമ്പല്‍ കണക്കെ കാത്തിരിക്കുന്ന മലയാളിക്ക് കിട്ടിയ ഒരു നേര്‍ത്ത മഴയനുഭവമായി മാറാന്‍ അതുകൊണ്ട് ഈ പാട്ടിനായി.


ഒരു സിനിമയ്ക്കുവേണ്ടി തയാറാക്കിയ പാട്ട് മറ്റൊരു പടത്തിനുവേണ്ടി ഉപയോഗിക്കുന്നത് ആദ്യമായിട്ടല്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ആദ്യചിത്രമായ 'കാമുകി'ക്ക്വേണ്ടി ഏറ്റുമാനൂര്‍ സോമദാസന്‍ രചിച്ച് ശിവന്‍ ^ ശശി എന്നിവര്‍ സംഗീതം ചെയ്ത ''ജീവനില്‍ ... '' എന്നു തുടങ്ങുന്ന ഗാനം പിന്നീട് രാജീവ്നാഥ് സംവിധാനം ചെയ്ത 'തീരങ്ങള്‍' എന്ന സിനിമയില്‍ ചേര്‍ക്കുകയുണ്ടായി.


കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചനയും സംഗീതവും നിര്‍വഹിച്ച 'ദേശാടന'ത്തില്‍ സുജാത പാടിയ ''എങ്ങനെ ഞാന്‍ ഉറക്കേണ്ടൂ...'' എന്ന ഗാനം 1996ലെ ഹിറ്റ് പാട്ടുകളില്‍ ഒന്നയിരുന്നു. എം.പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത 'കഴകം' എന്ന ചിത്രത്തിനുവേണ്ടി ഒരുക്കിയതായിരുന്നു ആ പാട്ട്. എന്നാല്‍, എന്തോ കാരണങ്ങളാല്‍ ആ പാട്ട് ചിത്രത്തില്‍ ഉള്‍പ്പെട്ടില്ല. ജയരാജ് സംവിധാനം ചെയ്ത 'ദേശാടന'ത്തില്‍ ഉള്‍പ്പെടാനായിരുന്നു ആ പാട്ടിന്റെ നിയോഗം.


സിനിമ പുറംലോകം കാണാതെപോയിട്ടും പാട്ടുകള്‍ ആരാധക ഹൃദയങ്ങളെ കീഴടക്കിയതിന് നിരവധി ഉദാഹരണങ്ങള്‍ മലയാളത്തിലുണ്ട്. 'ശ്രീ ദേവീദര്‍ശനം' എന്ന ചിത്രത്തിനായി ദേവരാജന്‍ മാസ്റ്ററും കോന്നിയൂര്‍ ഭാസും ചേര്‍ന്നൊരുക്കി യേശുദാസ് പാടിയ ''ദേവീ അംബികേ..'' എന്ന ഗാനം അക്കാലത്തെ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഇന്നും ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ ഈ ഗാനം പതിവായി കേള്‍ക്കാം. പക്ഷേ, സിനിമ പുറത്തിറങ്ങിയില്ല.


1985ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കസറ്റ് 'നീലക്കടമ്പ്' എന്ന ചിത്രത്തിന്റെ ഓഡിയോ കസറ്റായിരുന്നു.


''കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരീ
ഗുണദായിനീ സര്‍വ ശുഭകാരിണീ...'' എന്ന ഗാനം ആസ്വാദകരെ ഏറെ ആകര്‍ഷിച്ചു. രവീന്ദ്രന്‍മാഷും കെ. ജയകുമാറും യേശുദാസുമായിരുന്നു പാട്ടിന്റെ ശില്‍പികള്‍. ചിത്രയെക്കൊണ്ടും ഈ പാട്ട് പാടിച്ചിരുന്നു. കസറ്റ് വില്‍പന കാര്യമായി നടന്നുവെങ്കിലും അത് സിനിമയായില്ല. ഇന്നും ആകാശവാണിയിലും മറ്റും ഈ പാട്ട് എത്രയോവട്ടം ആവര്‍ത്തിച്ച് കേള്‍ക്കാം. ''ദീപം ദീപം സന്ധ്യാ ദീപം...'', ''നീലക്കടമ്പുകളില്‍...'' എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.


''സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം
ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം...'' എന്ന പാട്ട് കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ശോകഛായയുള്ള ഈ ഗാനം രചിച്ചത് പി. ഭാസ്കരനായിരുന്നു. സംഗീതം വിദ്യാധരനും. 'കാണാന്‍ കൊതിച്ചു' എന്ന് പേരിട്ട ആ ചിത്രവും പുറത്തുവന്നില്ല.


അതിനേക്കാള്‍ രസകരമായത് പൂര്‍ത്തിയായ ചിത്രത്തിലെ മറ്റൊരു പാട്ടാണ്.
''പൂവല്ല പൂന്തളിരല്ല മാനത്തേ മണി വില്ലല്ലാ
മണ്ണിലേക്ക് വിരുന്നുവന്ന മധുചന്ദ്രലേഖ
എന്‍ മനസ്സിന്‍ തന്ത്രികള്‍ മീട്ടും വീണാഗായിക
ഇവള്‍ വീണാ ഗായിക....'' എന്ന ഈ പാട്ട് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. പി. ഭാസ്കരന്‍ രചിച്ച ഈ പാട്ടിന് സംഗീതം നല്‍കിയത് ജെറി അമല്‍ദേവായിരുന്നു. മറ്റ് അഞ്ച് മികച്ച പാട്ടുകള്‍കൂടി ഈ ചിത്രത്തിലുണ്ട്. മധു നായകനായ 'കാട്ടുപോത്ത്' എന്ന ആ സിനിമയും വെളിച്ചം കണ്ടില്ല.


ഏത് പടത്തിലെ പാട്ട് എന്നറിയാതെ ഇപ്പോഴും ആളുകള്‍ മൂളി നടക്കുന്ന മറ്റൊരു പാട്ടാണ്
''രാഗിണിക്കാവിലെ രാക്കുയിലേ
രാഗേന്ദു നിന്നെ മറന്നതെന്തേ
കല്‍പനച്ചോലയില്‍ കല്‍പകച്ചോലയില്‍
കണ്ടിട്ടറിയാതിരുന്നതെന്തേ ഒന്നും
മിണ്ടിപ്പഴകാതിരുന്നതെന്തേ...'' എന്ന ഗാനം.
ആ സിനമയുടെ പേരുപോലെ തന്നെ അറംപറ്റിപ്പോയി സിനിമയുടെ ഭാവിയും. 'പേരിടാത്ത കഥ' എന്നായിരുന്നു ചിത്രത്തിന് കണ്ടുവെച്ച പേര്.


''അത്തിപ്പഴക്കാട്ടില്‍ പാട്ടു പാടാന്‍ വരും
പൈങ്കിളിയേ തത്തമ്മ പൈങ്കിളിയേ..'' എന്ന ശ്രദ്ധേയമായ മറ്റൊരു പാട്ടും ഈ ചിത്രത്തിലുണ്ട്. ഡോ. സദാശിവന്‍ എന്ന ഗാനരചയിതാവിനെയും വിജയന്‍ എന്ന സംഗീത സംവിധായകനെയും പിന്നീട് അധികമാരും കേട്ടില്ല.


മലയാളികള്‍ ഇന്നും മറക്കാത്ത ചിത്രമാണ് 'ധ്വനി'. 1988ല്‍ റിലീസ് ചെയ്ത ഈ ചിത്രത്തിലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതസംവിധായകന്‍ എന്ന ഖ്യാതി നേടിയ നൌഷാദ് ആദ്യമായും അവസാനമായും ഒരു മലയാള ചിത്രത്തിന് സംഗീതം നല്‍കിയത്. യൂസഫലി കേച്ചേരിയുടെതായിരുന്നു രചന. പ്രേംനസീര്‍ അവസാനമായി അഭിനയിച്ച ചിത്രമെന്ന പെരുമകൂടിയുണ്ടായിരുന്ന ഈ സിനിമ ശരാശരി നിലവാരമുള്ളതായിരുന്നെങ്കിലും അതിലെ പാട്ടുകള്‍ മലയാളികള്‍ എക്കാലവും ഓര്‍മിക്കുമെന്നുറപ്പ്. ഒന്നിനൊന്ന് മികച്ച ആറ് പാട്ടുകളാല്‍ അനുഗ്രഹീതമായ ഈ സിനിമ ഒരുക്കിയത് എ.ടി. അബു ആയിരുന്നു.
ധ്വനിക്ക്ശേഷം 'അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്' എന്നൊരു ചിത്രം ചെയ്യാനായിരുന്നു എ.ടി. അബു പദ്ധതിയിട്ടത്. ചിത്രത്തിന്റെ ഗാനരചന കൈതപ്രത്തെ ഏല്‍പിച്ചു. സംഗീതം ജോണ്‍സണും.


''തുമ്പപ്പൂവില്‍ ഉണര്‍ന്നൂ വാസരം അരിവാസരം
തന്‍തങ്കത്തൂവല്‍ കുടഞ്ഞൂ വിണ്ണിലും ഈ മണ്ണിലും..''
മറ്റ് അഞ്ച് പാട്ടുകളും ഈ പടത്തിനായി ഒരുക്കിയിരുന്നു. എന്നാല്‍, സുന്ദരമായ ചില പാട്ടോര്‍മകള്‍ നല്‍കി ആ ചിത്രം സാക്ഷാത്കരിക്കപ്പെട്ടില്ല.


'അഥര്‍വ'ത്തിന് ശേഷം ഡെന്നീസ് ജോസഫ് സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു 'സിദ്ധാര്‍ഥ'. അതിനായി കൈതപ്രം രചിച്ച് മനോഹരമായ ചില പാട്ടുകളും ഒരുക്കിയിരുന്നു. ദേവാനന്ദും വഹീദാ റഹ്മാനും നായികാ നായകന്മാരായി അഭിനയിച്ച 'ഗൈഡ്' എന്ന ഹിന്ദി ചിത്രത്തിനായി മുഹമ്മദ് റഫി പാടിയ
''തേരേ മേരേ സപ്നേ അബ് ഏക് രംഗ് ഹൈ...'' എന്ന ഗാനം മികച്ച ഹിറ്റുകളില്‍ ഒന്നാണ്. എസ്.ഡി. ബര്‍മന്‍ സംഗീതം നിര്‍വഹിച്ച ഈ പാട്ടിന്റെ അതേ ഈണത്തില്‍
''ചന്ദ്രന്‍ മോഹിച്ച പെണ്ണേ... നക്ഷത്രം നിന്നേ വിളിച്ചൂ
നിന്‍മാളികയ്ക്കുള്ളില്‍ മേഘങ്ങള്‍ ദാവാട നെയ്തൂ'' എന്ന അതിമനോഹരമായ പിറവിയെടുത്തു. പക്ഷേ, ചിത്രമായി അത് പുറത്തുവന്നില്ല.


വെളിച്ചം കാണാത്ത സിനിമകളിലാണ് ആ പാട്ടുകള്‍ പിറന്നതെങ്കിലും അവ ഒരിക്കലും പെട്ടികളില്‍ ഉറങ്ങിയില്ല. അവ ആസ്വാദകരുടെ ഹൃദയങ്ങളിലൂടെ ഒഴുകിക്കൊണ്ടേയിരിക്കുന്നു....

കെ.എ. സൈഫുദ്ദീന്‍

1 comments:

ഇതില്‍ പറഞ്ഞ ഭൂരിപക്ഷം പാട്ടുകളും എനിക്ക് ഇഷ്ടപ്പെട്ടവയാണ് അതെല്ലാം ഇറങ്ങാത്ത സിനിമയില്‍ ഉള്ളവയാണ് എന്നത് പുതിയ അറിവാണ് .

പേജ്‌കാഴ്‌ചകള്‍

.

.


.