Pages

മലയാളഗാനങ്ങളെ മാറ്റിമറിച്ച നീലക്കുയില്‍..

മലയാളത്തിലെ എക്കാലത്തെയും വലിയ മ്യൂസിക്കല്‍ ഹിറ്റാണ് 'നീലക്കുയില്‍'. ആദ്യമായി പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ നേടിയ ചിത്രം എന്ന നിലയിലും മലയാള ഗാനങ്ങള്‍ക്ക് സ്വന്തമായ വ്യക്തിത്വം നേടിക്കൊടുത്ത ചിത്രം എന്ന നിലയിലും നീലക്കുയില്‍ ശ്രദ്ധേയമാണ്. കോഴിക്കോട് അബ്ദുല്‍ ഖാദര്‍, ശാന്താ പി.നായര്‍, ജാനമ്മാ ഡേവിഡ് എന്നിവരുടെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളും ഈ ചിത്രത്തില്‍ തന്നെ. കെ.രാഘവന്‍ മാഷിന്റെ ആദ്യത്തെ മ്യൂസിക്കല്‍ ഹിറ്റ് സിനിമയും ഇതുതന്നെ.
അക്കാലം വരെ മലയാള ഗാനങ്ങള്‍ ഒട്ടുമിക്കതും ഹിന്ദി ഗാനങ്ങളുടെ അനുകരണങ്ങളായിരുന്നു. നാടന്‍ സംഗീതത്തിന്റെ ചുവടുപിടിച്ച് തനിമലയാളത്തിലുള്ള നീലക്കുയിലലെ എല്ലാ ഗാനങ്ങളും  മൗലികതയുള്ളതായിരുന്നു എന്നതാണ് പ്രത്യേകത. 'കായലരികത്ത് വലയെറിഞ്ഞപ്പം...', 'എല്ലാരും ചൊല്ലണ്..' എന്നീഗാനങ്ങള്‍ മൂളിയിട്ടില്ലാത്ത ഒരു മലയാളിയും കഴിഞ്ഞ തലമുറയിലില്ല. ഇന്നും ഈ ഗാനങ്ങളറിയാത്ത കുട്ടികള്‍ വരെ ചുരുങ്ങും. അരനൂറ്റാണ്ടും അരദശകവും പിന്നിടുന്നു ഈ സിനിമയിറങ്ങിയിട്ട്. 1954 ലാണ് നീലക്കുയില്‍ റിലീസാകുന്നത്.
സിനിയമയിലെ കഥാ സന്ദര്‍ഭവുമായി ചേര്‍ന്നു നില്‍കുന്നതല്ല 'കായലരികത്ത്..' എന്ന ഗാനമെങ്കിലും തലമുറകളെ സ്വാധീനിച്ചതാണീ ഗാനം. സംഗീതസംവിധായകന്‍ രാഘവന്‍ മാഷ് തന്നെയാണ് പാട്ട് പാടിയിട്ടുള്ളത്. എന്നാല്‍ കഥയുമായി അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഗാനമാണ് 'എല്ലാരും ചൊല്ലണ്..' പി.ഭാസ്‌കരന്‍ മാഷിന്റെ ലളിത പദാവലികളും കഥാപാത്രങ്ങളുടെ ആത്മാവ് കണ്ടറിഞ്ഞുള്ള രചനയുമാണിത്.  ജാനമ്മാ ഡേവിഡ് എന്ന ഗായികയെ ഇന്നും ആസ്വാദകര്‍ തിരിച്ചറിയുന്നത് ഈ ഗാനത്തിലൂടെയാണ്. രാഘവന്‍ മാഷ് ഈ ഗാനം പാടിക്കാനായി ആദ്യം നിശ്ചയിച്ചിരുന്നത് യേശുദാസിന്റെ സഹോദരിയായ സ്‌റ്റെല്ലാ വര്‍ഗീസിനെയാണ്. പാട്ട് അവരെ പഠിപ്പിച്ചതുമാണ്. എന്നാല്‍ റെക്കോഡിംഗ് മദ്രാസിലായതിനാല്‍ സ്‌റ്റെല്ലാ വര്‍ഗീസിന് പോകാന്‍ കഴിഞ്ഞില്ല. പിന്നീട് ചെന്നൈ ആകാശവാണിയില്‍ സ്റ്റാഫ് ആയിരുന്ന ജാനമ്മാ ഡേവിഡിനെ കണ്ടെത്തുകയായിരുന്നു. ഈ ഗാനമാണ് അവരുടെ സംഗീതഭാവി തന്നെ തിരുത്തിയത്.
മറ്റൊരു ശ്രദ്ധേയ ഗാനമായ ഗാനമാണ് മെഹ്ബൂബ് പാടിയ മാനെന്നും വിളിക്കില്ല..മയിലെന്നും വിളിക്കില്ല എന്നത്. നിരവധി മനോഹര ഗാനങ്ങള്‍ പാടിയ മെഹ്ബൂബ് പിന്നീട് ഹാസ്യഗായകനായി ടൈപ്പ് ചെയ്യപ്പെട്ടു പോയെങ്കിലും അദ്ദേഹത്തിന്റെ എക്കാലവും ഓര്‍ക്കുന്ന ഗാനമാണിത്.
ശാന്താ പി. നായര്‍ പാടിയ 'ഉണരുണരൂ ഉണ്ണികണ്ണാ.'. എന്ന ഗാനം സിനിമാ ഗാനമെന്ന നിലയില്‍  മാത്രമല്ല, ഭക്തിഗാനമെന്ന നിലയിലും ഇന്നും നിറഞ്ഞു നില്‍കുന്നു. ജാനമ്മാ ഡേവിഡിന്റെ 'കുയിലിനെ തേടി..കുയിലിനെ തേടി..' എന്ന ഗാനം പുതിയ കാലത്തും പ്രസക്തമായി എന്നതിന്റെ തെളിവാണ് കാതലനിലെ എ.ആര്‍.റഹ്മാന്റെ കാതലനിലെ 'ഒട്ടകത്തെകെട്ടിക്കോ..' എന്ന ഗാനം. ഈ ഗാനമിറങ്ങിയപ്പോള്‍തന്നെ അത് രാഘവന്‍ മാഷിന്റെ ഗാനത്തിന്റെ അനുകരണമാണെന്ന ആക്ഷേപമിറങ്ങിയിരുന്നു. അരനുറ്റാണ്ടാവുമ്പോഴും അനുകരിക്കാനുതകുന്ന സംഗീതമാണ് അന്ന് രാഘവന്‍ മാഷ് സൃഷ്ടിച്ചത് എന്നതും ശ്രദ്ധേയം.
കോഴിക്കോട് അബ്ദുള്‍ ഖാദര്‍ പാടിയ 'എങ്ങനെ നീമറക്കും..' മലയാളികള്‍ ഒരിക്കലും മറക്കാത്ത ഗാനമാണ്. ഗൃഹാതുരത ഉണര്‍ത്തുന്ന വരികളും സംഗീതവും വികാരവശ്യമായ ആലാപനവും ഈ ഗാനത്തെ അനശ്വരമാക്കി. അബ്ദുല്‍ ഖാദറിന്റെ മരണശേഷം സി.ഒ.ആന്‍േറാ ഈ ഗാനം വര്‍ഷങ്ങളോളം ഗാനമേളകളില്‍ പാടി അനശ്വരമാക്കിയിട്ടുണ്ട്.
'കടലാസു വഞ്ചിയേറി കടലും കടന്നു പോയി...' എന്ന കുട്ടികളുടെ ഒരു ഗാനവും ഈ ചിത്രത്തിലുണ്ട്. ത്യാഗരാജസ്വാമികളുടെ കാപ്പിനാരായണി രാഗത്തിലുള്ള 'സരസസാമദാന..' എന്ന കീര്‍ത്തനത്തെ രാഘവന്‍ മാഷ് ഒരു നാടന്‍ പാട്ടു രീതിയിലേക്ക് മാറ്റിയാണ് ഈ ഗാനമൊരുക്കിയത്. ഇത് അദ്ദേഹത്തിന്റെ പ്രതിഭയുടെ മാറ്ററിയിക്കുകയും ചെയ്യുന്നു.

സജിശ്രീവത്‌സം


Share


പേജ്‌കാഴ്‌ചകള്‍

.

.


.