Pages

വാര്‍ത്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വാര്‍ത്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പകര്‍പ്പവകാശം ലംഘിക്കുന്ന സംഗീത പരിപാടിക്കെതിരെ നിയമം കര്‍ശനമാക്കുന്നു

പകര്‍പ്പവകാശ നിയമം ലംഘിച്ച് സംഗീത പരിപാടികള്‍ നടത്തുന്നതിനെതിരെ കര്‍ശന നിയമ നടപടികള്‍ വരുന്നു. പകര്‍പ്പവകാശം ഉറപ്പുവരുത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഫോണോഗ്രാഫിക് പെര്‍ഫോമന്‍സ് ലിമിറ്റഡാണ് (പി.പി.എല്‍)  നിയമ നടപടികള്‍ കര്‍ശനമാക്കുന്നത്.
ഇന്ത്യക്കകത്തും പുറത്തുമുള്ള സൗണ്ട് ട്രാക്ക് നിര്‍മാതാക്കളെ പ്രതിനിധാനം ചെയ്യുന്നതാണ്   പി.പി.എല്‍. സംഗീത പരിപാടികളുടെ ടെലികാസ്റ്റിങ്, ബ്രോഡ്കാസ്റ്റിങ്, പൊതുസ്ഥലത്തെ പ്രകടനങ്ങള്‍ എന്നിവയെല്ലാം  നിര്‍മാതാക്കള്‍ക്കുവേണ്ടി ചെയ്യുന്നത് പി.പി.എല്ലാണ്.പകര്‍പ്പവകാശ നിയമമനുസരിച്ച് സംഗീത പരിപാടികള്‍ നടത്തുന്നതിന് പി.പി.എല്ലില്‍ നിന്ന് മുന്‍കൂട്ടി ലൈസന്‍സ് സമ്പാദിക്കണം. ലൈസന്‍സ് ഇല്ലാതെ പരിപാടികള്‍ നടത്തുന്നവര്‍ക്കെതിരെയാണ് നടപടിയുണ്ടാകുക.വീടുകളിലും സ്വന്തം വാഹനങ്ങളിലുമൊഴികെ വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന എല്ലാ സംഗീത പരിപാടികള്‍ക്കും ലൈസന്‍സ് ആവശ്യമാണ്.
പൊതുസ്ഥലങ്ങളിലും ഹോട്ടല്‍, റിസോട്ടുകള്‍, ബാര്‍,പബ്ബ്, സിനിമാഹാള്‍, ബാങ്ക്, ഓഫിസ്, വിനോദ പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നടത്തുന്ന പരിപാടികള്‍ക്ക് ലൈസന്‍സ് വേണമെന്നാണ് വ്യവസ്ഥ. ആഘോഷങ്ങളുടെ ഭാഗമായും അല്ലാതെയും ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ നടത്തുന്ന പരിപാടികള്‍ക്കും ഈ വ്യവ്ഥകള്‍ ബാധകമാകും. ഇരിപ്പിടങ്ങളുടെ എണ്ണം, സ്ഥലവിസ്തൃതി എന്നിവ കണക്കിലെടുത്താണ് ലൈസന്‍സ് തുക നിശ്ചയിക്കുക. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ രണ്ടുമുതല്‍ മൂന്ന് ലക്ഷം രൂപവരെ പിഴയീടാക്കാനും വ്യവസ്ഥയുണ്ട്.നിയമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

1957ലെ പകര്‍പ്പവകാശത്തിന്റെ ചുവടുപിടിച്ച് ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരം 1996ല്‍ പി.പി.എല്ലിന് നല്‍കിയത്  മുതലാണ് വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കിത്തുടങ്ങിയത്.പുതുവര്‍ഷത്തലേന്ന് പകര്‍പ്പവകാശ നിയമം ലംഘിച്ച് ലൈസന്‍സ് ഇല്ലാതെ സംഗീത പരിപാടി നടത്തിയ കൊച്ചിയിലെ ആറ് വന്‍കിട ഹോട്ടലുകള്‍ക്കെതിരെ എറണാകുളം ജില്ലാ കോടതി മുഖേന നിയമ നടപടി  തുടങ്ങിയതായി പി.പി.എല്‍. ദക്ഷിണമേഖലാ ലൈസന്‍സിങ് മേധാവി രാജേഷ് രാജന്‍, പാര്‍ഥസാരഥി, അവിനാഷ് ഡിസൂസ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ആകാശവാണിയും എഫ്.എം റേഡിയോ നിലയങ്ങളുമുള്‍പ്പെടെ ലൈസന്‍സ് എടുത്താണ് പരിപാടി  നടത്തുന്നത്.ദല്‍ഹിയില്‍ നടന്ന കോമണ്‍വെത്ത് ഗെയിംസ്, ഐ.പി.എല്‍ ക്രിക്കറ്റ് എന്നിവയുള്‍പ്പെടുന്ന പരിപാടികള്‍ക്കെല്ലാം ലൈസന്‍സ്  സ്വന്തമാക്കിട്ടുണ്ടെന്ന് പി.പി.എല്‍ അധികൃതര്‍ പറഞ്ഞു.

മലയാളഗാനങ്ങളെ മാറ്റിമറിച്ച നീലക്കുയില്‍..

മലയാളത്തിലെ എക്കാലത്തെയും വലിയ മ്യൂസിക്കല്‍ ഹിറ്റാണ് 'നീലക്കുയില്‍'. ആദ്യമായി പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ നേടിയ ചിത്രം എന്ന നിലയിലും മലയാള ഗാനങ്ങള്‍ക്ക് സ്വന്തമായ വ്യക്തിത്വം നേടിക്കൊടുത്ത ചിത്രം എന്ന നിലയിലും നീലക്കുയില്‍ ശ്രദ്ധേയമാണ്. കോഴിക്കോട് അബ്ദുല്‍ ഖാദര്‍, ശാന്താ പി.നായര്‍, ജാനമ്മാ ഡേവിഡ് എന്നിവരുടെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളും ഈ ചിത്രത്തില്‍ തന്നെ. കെ.രാഘവന്‍ മാഷിന്റെ ആദ്യത്തെ മ്യൂസിക്കല്‍ ഹിറ്റ് സിനിമയും ഇതുതന്നെ.
അക്കാലം വരെ മലയാള ഗാനങ്ങള്‍ ഒട്ടുമിക്കതും ഹിന്ദി ഗാനങ്ങളുടെ അനുകരണങ്ങളായിരുന്നു. നാടന്‍ സംഗീതത്തിന്റെ ചുവടുപിടിച്ച് തനിമലയാളത്തിലുള്ള നീലക്കുയിലലെ എല്ലാ ഗാനങ്ങളും  മൗലികതയുള്ളതായിരുന്നു എന്നതാണ് പ്രത്യേകത. 'കായലരികത്ത് വലയെറിഞ്ഞപ്പം...', 'എല്ലാരും ചൊല്ലണ്..' എന്നീഗാനങ്ങള്‍ മൂളിയിട്ടില്ലാത്ത ഒരു മലയാളിയും കഴിഞ്ഞ തലമുറയിലില്ല. ഇന്നും ഈ ഗാനങ്ങളറിയാത്ത കുട്ടികള്‍ വരെ ചുരുങ്ങും. അരനൂറ്റാണ്ടും അരദശകവും പിന്നിടുന്നു ഈ സിനിമയിറങ്ങിയിട്ട്. 1954 ലാണ് നീലക്കുയില്‍ റിലീസാകുന്നത്.
സിനിയമയിലെ കഥാ സന്ദര്‍ഭവുമായി ചേര്‍ന്നു നില്‍കുന്നതല്ല 'കായലരികത്ത്..' എന്ന ഗാനമെങ്കിലും തലമുറകളെ സ്വാധീനിച്ചതാണീ ഗാനം. സംഗീതസംവിധായകന്‍ രാഘവന്‍ മാഷ് തന്നെയാണ് പാട്ട് പാടിയിട്ടുള്ളത്. എന്നാല്‍ കഥയുമായി അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഗാനമാണ് 'എല്ലാരും ചൊല്ലണ്..' പി.ഭാസ്‌കരന്‍ മാഷിന്റെ ലളിത പദാവലികളും കഥാപാത്രങ്ങളുടെ ആത്മാവ് കണ്ടറിഞ്ഞുള്ള രചനയുമാണിത്.  ജാനമ്മാ ഡേവിഡ് എന്ന ഗായികയെ ഇന്നും ആസ്വാദകര്‍ തിരിച്ചറിയുന്നത് ഈ ഗാനത്തിലൂടെയാണ്. രാഘവന്‍ മാഷ് ഈ ഗാനം പാടിക്കാനായി ആദ്യം നിശ്ചയിച്ചിരുന്നത് യേശുദാസിന്റെ സഹോദരിയായ സ്‌റ്റെല്ലാ വര്‍ഗീസിനെയാണ്. പാട്ട് അവരെ പഠിപ്പിച്ചതുമാണ്. എന്നാല്‍ റെക്കോഡിംഗ് മദ്രാസിലായതിനാല്‍ സ്‌റ്റെല്ലാ വര്‍ഗീസിന് പോകാന്‍ കഴിഞ്ഞില്ല. പിന്നീട് ചെന്നൈ ആകാശവാണിയില്‍ സ്റ്റാഫ് ആയിരുന്ന ജാനമ്മാ ഡേവിഡിനെ കണ്ടെത്തുകയായിരുന്നു. ഈ ഗാനമാണ് അവരുടെ സംഗീതഭാവി തന്നെ തിരുത്തിയത്.
മറ്റൊരു ശ്രദ്ധേയ ഗാനമായ ഗാനമാണ് മെഹ്ബൂബ് പാടിയ മാനെന്നും വിളിക്കില്ല..മയിലെന്നും വിളിക്കില്ല എന്നത്. നിരവധി മനോഹര ഗാനങ്ങള്‍ പാടിയ മെഹ്ബൂബ് പിന്നീട് ഹാസ്യഗായകനായി ടൈപ്പ് ചെയ്യപ്പെട്ടു പോയെങ്കിലും അദ്ദേഹത്തിന്റെ എക്കാലവും ഓര്‍ക്കുന്ന ഗാനമാണിത്.
ശാന്താ പി. നായര്‍ പാടിയ 'ഉണരുണരൂ ഉണ്ണികണ്ണാ.'. എന്ന ഗാനം സിനിമാ ഗാനമെന്ന നിലയില്‍  മാത്രമല്ല, ഭക്തിഗാനമെന്ന നിലയിലും ഇന്നും നിറഞ്ഞു നില്‍കുന്നു. ജാനമ്മാ ഡേവിഡിന്റെ 'കുയിലിനെ തേടി..കുയിലിനെ തേടി..' എന്ന ഗാനം പുതിയ കാലത്തും പ്രസക്തമായി എന്നതിന്റെ തെളിവാണ് കാതലനിലെ എ.ആര്‍.റഹ്മാന്റെ കാതലനിലെ 'ഒട്ടകത്തെകെട്ടിക്കോ..' എന്ന ഗാനം. ഈ ഗാനമിറങ്ങിയപ്പോള്‍തന്നെ അത് രാഘവന്‍ മാഷിന്റെ ഗാനത്തിന്റെ അനുകരണമാണെന്ന ആക്ഷേപമിറങ്ങിയിരുന്നു. അരനുറ്റാണ്ടാവുമ്പോഴും അനുകരിക്കാനുതകുന്ന സംഗീതമാണ് അന്ന് രാഘവന്‍ മാഷ് സൃഷ്ടിച്ചത് എന്നതും ശ്രദ്ധേയം.
കോഴിക്കോട് അബ്ദുള്‍ ഖാദര്‍ പാടിയ 'എങ്ങനെ നീമറക്കും..' മലയാളികള്‍ ഒരിക്കലും മറക്കാത്ത ഗാനമാണ്. ഗൃഹാതുരത ഉണര്‍ത്തുന്ന വരികളും സംഗീതവും വികാരവശ്യമായ ആലാപനവും ഈ ഗാനത്തെ അനശ്വരമാക്കി. അബ്ദുല്‍ ഖാദറിന്റെ മരണശേഷം സി.ഒ.ആന്‍േറാ ഈ ഗാനം വര്‍ഷങ്ങളോളം ഗാനമേളകളില്‍ പാടി അനശ്വരമാക്കിയിട്ടുണ്ട്.
'കടലാസു വഞ്ചിയേറി കടലും കടന്നു പോയി...' എന്ന കുട്ടികളുടെ ഒരു ഗാനവും ഈ ചിത്രത്തിലുണ്ട്. ത്യാഗരാജസ്വാമികളുടെ കാപ്പിനാരായണി രാഗത്തിലുള്ള 'സരസസാമദാന..' എന്ന കീര്‍ത്തനത്തെ രാഘവന്‍ മാഷ് ഒരു നാടന്‍ പാട്ടു രീതിയിലേക്ക് മാറ്റിയാണ് ഈ ഗാനമൊരുക്കിയത്. ഇത് അദ്ദേഹത്തിന്റെ പ്രതിഭയുടെ മാറ്ററിയിക്കുകയും ചെയ്യുന്നു.

സജിശ്രീവത്‌സം


Share


അനുകരണഗാനങ്ങളിലെ ആദ്യത്തെ ഹിറ്റ്

1952ല്‍ ഇറങ്ങിയ 'തിരമാല'യാണ് മലയാള സിനിമയിലെ ആദ്യത്തെ മ്യൂസിക്കല്‍ ഹിറ്റ് എന്ന് സംഗീത ഗവേഷകനായ ബി.വിജയകുമാര്‍ വിലയിരുത്തിയിട്ടുണ്ട്. അക്കാലത്തിറങ്ങിയ മിക്ക ചിത്രങ്ങളിലുമെന്ന പോലെ ഇതിലും ഹിന്ദി അനുകരണങ്ങളായിരുന്നു ഗാനങ്ങള്‍. എന്നാല്‍ കോഴിക്കോട് അബ്ദുല്‍ ഖാദറും ശാന്താ പി. നായരുമൊക്കെ പാടിയ ഗാനങ്ങള്‍ വന്‍ ഹിറ്റുകളായി. ഈണങ്ങളില്‍ മലയാളിത്തം കുറവായിരുന്നെങ്കിലും ലാളിത്യവും മനോഹാരിതയുമുള്ള ഭാസ്‌കരന്‍മാഷിന്റെ വരികള്‍കൊണ്ട് ഗാനങ്ങള്‍ക്ക് മുമ്പില്ലാത്ത പുതുമയുണ്ടായി. വിമല്‍കുമാറായിരുന്നു സംഗീതസംവിധായകന്‍.
'എല്ലാരും ചൊല്ലണ്..' പോലെയുള്ള പാട്ടുകളിലൂടെ പിന്നീട് മലയാളികളുടെ പ്രിയഗായികയായ ശാന്താ പി. നായര്‍ ആദ്യമായി പാടുന്നതും ഈ ചിത്രത്തിലാണ്.
'ഹേ..കളിയോടമേ.. പോയാലും നീസഖീ..' എന്ന ഡ്യൂയറ്റായിരുന്നു ഇതിലെ ഏറ്റവും ശ്രദ്ധേയമായ ഗാനം. കേഴിക്കോട് അബ്ദുല്‍ഖാദറും ശാന്താ പി.നായരുമായിരുന്നു ഗായകര്‍.
നൗഷാദ് ഈണമിട്ട ഹിന്ദി ഗാനം 'ക്യോം ഉനേ ദില്‍ദിയാ..' എന്നതിന്റെ അനുകരണമായിരുന്നു ഈ ഗാനം. അബ്ദുല്‍ ഖാദര്‍ പാടിയ ' താരകം ഇരുളില്‍ മറയുകയോ' എന്ന ശോകഗാനവും ഹിന്ദുസ്ഥാനി സംഗീതഞ്ജയായിരുന്ന ലക്ഷ്മി ശങ്കര്‍ പാടിയ 'വനമുല്ല മാലവാടി..' എന്ന ഗാനവും എടുത്ത് പറയേണ്ടവയാണ്.

സജിശ്രീവത്‌സം

നഷ്ടഗാനങ്ങള്‍..

കേരളത്തിലെ അറിയപ്പെടുന്ന ഗായകനായിരുന്നു അന്തരിച്ച പട്ടണക്കാട് പുരുഷോത്തമന്‍. വളരെ നിര്‍ഭാഗ്യവാനായ ഗായകന്‍ കൂടിയായിരുന്നു അദ്ദേഹം. നാടകഗാനങ്ങളിലൂടെയും ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയും ഏറെ അറിയപ്പെട അദ്ദേഹത്തിന് പക്ഷേ ഒരു സിനിമയില്‍ പോലും പാടാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ ശ്രദ്ധേയമായ എത്രയോ ഗാനങ്ങള്‍ക്ക് അദ്ദേഹം ട്രാക് പാടി. സിനിമയില്‍ പാടണമെന്ന മോഹം സഫലമാകാതെയാണ് അദ്ദേഹം വിടപറഞ്ഞത്.
അവസരം ഒത്തുവന്നിട്ടും അദ്ദേഹത്തിന് അവസാന നിമിഷമാണ് ഒരു മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനം നഷ്ടപ്പെട്ടത്. പാദമുദ്രയിലെ 'അമ്പലമില്ലാതെ ആല്‍ത്തറയലില്‍ വാഴും' എന്ന ഗാനമായിരുന്നു അത്.(തുടര്‍ന്ന് വായിക്കുവാന്‍ ടൈറ്റില്‍ ക്ലിക്ക് ചെയ്യുക )

പേജ്‌കാഴ്‌ചകള്‍

.

.


.